Sunday, December 4, 2016

മധ്യ വയസ്കന്‍


ഇന്ദ്രപ്രസ്ഥത്തിലേക്ക് പാതി ഔദ്യോതികവും എന്നാല്‍ വ്യക്തിപരവും ആയ ഒരു ട്രെയിന്‍ യാത്രയിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ആറടി പൊക്കവും വട്ടമുഖവും ഏറെക്കുറെ നരച്ച താടിയും ബലിഷ്ട്ടമായ ശരീരവും പഴയ ഹിന്ദി സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്ന മുഖ ഭാവവും ഉള്ള ഒരു മധ്യ വയസ്കനായിരുന്നു എന്‍റെ എതിര്‍ സീറ്റിലെ യാത്രികന്‍. ഭംഗിയായി ചീകിവെച്ച വെട്ടിയൊതിക്കിയ താടിരോമങ്ങള്‍ എപ്പോഴും അദ്ദേഹത്തിന് ഗൌരവം എന്ന ഒരേയൊരു ഭാവം മാത്രമെ ഉള്ളു എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു. എനിക്ക് അനുവദിക്കപെട്ടിട്ടുള്ള ബെര്‍ത്ത്‌ ഏറ്റവും മുകളിലത്തെതാണ്, അവിടെ എന്‍റെ ബാഗുകള്‍ കയറ്റിവെച്ചു. ഞാന്‍ കോച്ചില്‍ എത്തിയപ്പോള്‍ തന്നെ അദ്ധേഹത്തിന്‍റെ വസ്ത്രധാരണമാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. സഫാരി സ്യുട്ടിന്‍റെ  പാന്സിനൊപ്പം കയ്യുള്ള ബനിയനാണ് വേഷം , സ്യുടിന്റെ മേലുടുപ്പ് ഭംഗിയായി ഒരു ഹാങ്ങറില്‍ കൊരുത്തി ജനാലക്കു അടുത്തായുള്ള ഫാനില്‍ തൂക്കിയിട്ടിരിക്കുന്നു. അദ്ദേഹം ഇരിക്കുന്നതിനു മുകളിലായി ഭംഗിയുള്ള ബാഗും ട്രോളി വീലുകളോട് കൂടിയ വലിയ പെട്ടിയും ചെറിയ കണ്ണിയുള്ള ചങ്ങല കൊണ്ടു ബെര്‍ത്തിന്‍റെ കാലുകളില്‍ പൂട്ടി വെച്ചിരിക്കുന്നു. എതിര്‍വശത്ത് നേപ്പാളികളുടെത് പോലെ ചെറിയ കണ്ണുകളും അവരെ പോലെ മുഖവുമുള്ള വെളുത്തു കോലുന്ന ഏറെ പൊക്കമില്ലാത്ത ഒരാള്‍, പാന്‍റും ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ടുമാണ് വേഷം. അയാള്‍ക്ക് അരികിലായി ഞാന്‍ ഇരുന്നു. അവരിരുവര്‍ക്കും ഇടയിലായി ഒരു കൊച്ചു മേശ പോലെ ആഹാരവും മറ്റും വെച്ചു കഴിക്കാനുള്ള ഒരു ചെറിയ തട്ട് ഉണ്ടായിരുന്നു ഈ കോച്ചില്‍, അതിന്മേല്‍ ഒരു ചെറിയ ഹാന്‍ഡ്‌ ബാഗും ഒപ്പം ഏതോ ഹോസ്പിറ്റലിന്റെ പേരെഴുതിയ ഫസ്റ്റ് ഐഡ് കിറ്റുപോലെ ഒരു ചെറിയ ബാഗും. എനിക്ക് അനുവദിക്കപെട്ടിട്ടുള്ള ബെര്‍ത്ത് ഏറ്റവും  മുകളിലത്തെതാണ് .

ഇപ്പോള്‍ ഞാന്‍ അവരോടൊപ്പം യാത്ര തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു മണിക്കൂര്‍ ആയി, ഇതിനകം ഒന്നു രണ്ടു പ്രധാന സ്സ്റ്റേഷനുകളും പിന്നിട്ടു. എന്നിട്ടും 6 പേരെ ഉള്‍ക്കൊള്ളേണ്ട ഞങ്ങളുടെ സീറ്റുകളിലും ബെര്‍ത്തുകളിലും മറ്റാരും പുതുതായി വന്നില്ല. ആഴ്ച്ചയില്‍ രണ്ടു ദിവസ്സം മാത്രം കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ഈ പാവം ട്രെയിനിനെ ഡല്‍ഹി മലയാളികള്‍ ഒന്നടങ്കം ഇത്ര വെരുക്കാനുണ്ടായ കാരണം എന്തെന്ന് മനസ്സിലാകുന്നില്ല.

ഇതിനിടെ എന്‍റെ സീറ്റിലെ യാത്രികന്‍ എതിര്‍ സീറ്റിന്‍റെ മുകളിലെ ബെര്‍ത്തിലെ ബാഗ് തുറന്നു ഒരു ചെറിയ പൊതി പുറത്തെടുത്ത് മുന്നിലെ തട്ടിലെ ചെറിയ ഹാന്‍ഡ്‌ ബാഗും മറ്റും മാറ്റി അവിടെ വെച്ചു. പെട്ടന്ന് മുഖത്തെ ഗൌരവം ഒട്ടും കളയാതെ മധ്യവയസ്കന്‍ പോയി കൈ കഴുകി തിരികെ വന്നു. തട്ടിലിരുന്ന പൊതി വളരെ ശ്രദ്ധ പൂര്‍വ്വം അഴിച്ചു വലുതും ചെറുതും ആയ രണ്ടു പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ പുറത്തെടുത്ത് . വലിയ പാത്രത്തിലെ റൊട്ടികള്‍ മുറിച്ചു ചെറിയ പാത്രത്തിലെ കറിയില്‍ മുക്കി കഴിക്കുവാന്‍ ആരംഭിച്ചു. അപ്പോള്‍ അദ്ധേഹത്തിന്‍റെ എതിര്‍ വശത്തെ യാത്രികന്‍ ചെറിയ ഹാന്‍ഡ്‌ ബാഗ് തുറന്നു ഒരു ടര്‍ക്കി വെളിയിലെടുത്തു. അപ്പോഴും ഇരുവരും പരസ്പരം ഒരു വാക്കു പോലും സംസാരിച്ചില്ല.



അദ്ദേഹം അത് കഴിച്ചു കഴിഞ്ഞു ചെറുതും വലുതുമായ പാത്രങ്ങള്‍ അവിടെ തന്നെ വച്ചിട്ട് മുകളിലേക്ക് മടക്കി പിടിച്ച വലതു കയ്യുമായി ഇടനാഴിയിലൂടെ നടന്നു പോയി. ആ സമയം എതിര്‍ വശത്തെ യാത്രികന്‍ ടര്‍ക്കി തോളത്തിട്ട ശേഷം പാത്രങ്ങള്‍ അവയുടെ അടപ്പുകള്‍ യഥാക്രമം അടച്ചു പൊതിഞ്ഞു തിരികെ ബാഗില്‍ വെച്ചു. ആശുപത്രിയുടെ പേരുള്ള ബാഗ് തുറന്നു അതിനുള്ളില്‍ നിന്നും രണ്ടു മൂന്നു മരുന്നുകള്‍ - അവ കവറില്‍ നിന്നും കയ്യില്‍ എടുത്തു വെച്ചു. കൈ കഴുകി തിരിച്ചു വന്ന മധ്യവയസ്കന്‍ ഒന്നും മിണ്ടിയില്ല എന്നാല്‍ കൈ നീട്ടുക മാത്രം ചെയ്തു. പെട്ടന്ന് തോലതിട്ട ടര്‍ക്കി ആ കൈയ്യിലേക്ക് വെച്ചു കൊടുത്തു. നനഞ്ഞ കൈകളും മുഖവും തുടച്ചു ടര്‍ക്കി സീറ്റിലേക്ക് ഇട്ടു വീണ്ടും കൈ നീട്ടി. ഇത്തവണ കൈയ്യിലെടുത്തു വെച്ച ഗുളികകളാണ് മദ്ധ്യ വയസ്കന്‍റെ കൈകളിലെത്തിയത്, അവ വായിലേക്ക് എത്തിയതും വീണ്ടും നീട്ടിയ കൈകളിലേക്ക് ഒരു വിനീത വിധേയനെപോലെ അടപ്പ് തുറന്ന കുപ്പിയും വെള്ളവും വേഗം മറ്റെയാള്‍ എടുത്തു നല്‍കി. പതിയെ സീറ്റിലേക്ക് ചാഞ്ഞിരുന്ന മധ്യവയസ്സ്കന്‍ പോക്കെറ്റില്‍ നിന്നും ഒരു ചെറിയ ചീപ്പ് പുറത്തെടുത്ത് ടര്‍ക്കി കൊണ്ടു തുടച്ചപ്പോള്‍ കാറ്റടിച്ച നെല്‍പ്പാടം പോലെ ക്രമംതെറ്റിയ താടിരോമങ്ങള്‍ ഭംഗിയായി ചീകി വെചു ....
ട്രെയിന്‍ ഇങ്ങനെ അലസ്സമായി അതിവേഗം പാഞ്ഞുകൊണ്ടിരിക്കെ സൂര്യന്‍ വിശ്രമിക്കാനുള്ള ഒരുക്കത്തിലായി. ഏതാണ്ട് ഏഴ് മണി മുതല്‍ ആ ചെറിയ കണ്ണുകളുള്ള മനുഷ്യന്‍ ഒരു ഡയറി എടുത്തു മുന്നിലെ കൊച്ചു തട്ടില്‍ വെച്ചു, ക്യാപ്പ് തുറന്ന പേനയുമായി മൊബൈല്‍ ഫോണില്‍ വിളി തുടങ്ങി. ഇടക്കിടെ ഡയറിയില്‍ എന്തൊക്കെയോ കുറിക്കുന്നുണ്ട് ഒപ്പം ചില സംഖ്യകളെയും സ്ഥലങ്ങളെയും പറ്റി മാത്രം സംസാരിച്ചു. ഒരു പക്ഷെ അദ്ധേഹത്തിന്റെ ഓരോരോ സ്ഥലത്തെ സ്ഥാപനങ്ങളിലെ വൈയ്കുന്നെരത്തെ കളക്ഷനെ പറ്റി ആവണം അവര്‍ സംസാരിക്കുന്നതു. കുറച്ചു സമയത്തിനകം ഫോണ്‍ മാമാങ്കം അവസാനിപ്പിച്ചു, എതിര്‍ ബെര്‍ത്തിന്‍റെ മുകളിലെ ബാഗ് എടുത്തു മടിയില്‍ വെച്ചു ശ്രദ്ധാപൂര്‍വ്വം തുറന്നു അതില്‍ നിന്നും ഒരു ഫ്ലാസ്സ്ക്കും ഗ്ലാസ്സും എടുത്തു മുന്‍ബിലെ തട്ടില്‍ വെച്ചു. ആ ബാഗ് എന്‍റെ അടുത്തായി വെച്ച ശേഷം തുറന്നു ആവി പറക്കുന്ന പൊടിയരി കഞ്ഞി ശ്രദ്ധാപൂര്‍വം ഗ്ലാസ്സിലേക്ക് പകര്‍ന്നു. ഗ്ലാസ്സ് നിറയേണ്ട താമസ്സം ഒരു അദൃശ്യ കല്പ്പനയാല്‍ എന്ന പോലെ എതിര്‍ സീറ്റിലെ ആ മനുഷ്യന്‍റെ കൈകള്‍ നീണ്ടു വന്നു അതെടുത്ത് കുടിക്കാന്‍ തുടങ്ങി. അപ്പോഴും അവരിരുവരും പരസ്പരം മറ്റൊന്നും മിണ്ടിയില്ല എന്നത് എനിക്ക് വളരെ വിചിത്രമായി തോന്നി.
നമ്മുടെ മധ്യവയസ്കന്‍ അനന്തപുരിയിലെ ഒരു വലിയ ബിസിനെസ്സുകാരനാണ് എന്ന വസ്തുത അയാളുടെ പരിചാരകന്‍റെ ഇടക്കിടെയുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി ഒപ്പം എന്നെ കൂടുതല്‍ അതിശയിപ്പിച്ച മറ്റു ചില വിവരങ്ങളും. ജീവിതാന്ത്യത്തില്‍ അവശേഷിക്കുന്ന ഇത്തിരി ശുഭ പ്രതീക്ഷയുമായി ഇന്ദ്രപ്രസ്ഥത്തിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്സിലെക്കുള്ള യാത്രയിലാണ് ഇപ്പോള്‍ അവരിരുവരും. ഇതു മനസ്സിലാക്കിയ ശേഷം കോടീശ്വരനായ അദ്ദേഹം വെറുമൊരു എക്സ്പ്രസ്സ് ട്രെയിനിന്റെ സ്ലീപ്പര്‍ ക്ലാസ്സില്‍ യാത്ര ചെയ്യാനുണ്ടായ സാഹചര്യം മനസ്സിലാക്കാനുള്ള ആകാംഷയോടെയാണ് പിന്നെ അവരിരുവരെയും നിരീക്ഷിച്ചത് !
ഇപ്പോള്‍ നേരം ഏതാണ്ട് പത്തുമണിയോടടുതായി , നേരം ഇരുട്ടും വരെ മദ്ധ്യ വയസ്കന്‍ തന്‍റെ ഗൌരവം പൂണ്ട മുഖം ഒരുവശത്തേക്ക്‌ തിരിച്ചു ജനാലയിലൂടെ വെളിയിലേക്ക് നോക്കി ഇരുന്നതല്ലാതെ അവരിരുവരും ഒന്നും സംസാരിച്ചതേ ഇല്ല. അതിവേഗം ഓടിമറയുന്ന കാഴ്ച്ചകളായിരുന്നില്ല അദ്ധേഹത്തിന്‍റെ ശ്രദ്ധയില്‍ എന്ന് ആ നോട്ടം കണ്ടാല്‍ തന്നെ ഊഹിക്കാമായിരുന്നു. വീണ്ടും പരിചാരകന്‍ മുന്‍ബിലെ ചെറിയ തട്ടിലെ ആശുപത്രിയുടെ പേരുള്ള കൊച്ചു ബാഗ് തുറന്നു ചില ഗുളികകള്‍ കവര്‍ പൊട്ടിച്ചു കയ്യിലെടുത്തു വെച്ചു . ആ കാഴ്ച്ചയുടെ പ്രേരണയാലെന്നപോലെ മദ്ധ്യവയസ്കന്‍ എഴുന്നേറ്റു ഇടനാഴിയിലൂടെ നടന്നു പോയി കയ്യും മുഖവും കാലുകളും കഴുകി തിരികെ എത്തി കൈനീട്ടി. പഴയ ആ ടര്‍ക്കിക്ക് പകരം മറ്റൊരെണ്ണമാണ് ഇത്തവണ ആ കൈയ്കളില്‍ എത്തിയത്. മുഖവും കൈകളും തുടച്ചു ടര്‍ക്കി അലസമായി സീറ്റിലേക്ക് എറിഞ്ഞിട്ടു വേണ്ടും നീട്ടിയ കൈയ്കളിലൊന്നില്‍ പല നിറങ്ങളിലുള്ള മൂന്നോ നാലോ ഗുളികകളും മറ്റേ കയ്യില്‍ അടപ്പ് തുറന്ന കുപ്പി വെള്ളവും പരിചാരകന്‍ വെച്ചു കൊടുത്തു. ഞാന്‍ അത്താഴം കഴിക്കാനായി കൈകഴുകി തിരികെ എത്തിയപ്പോള്‍ പരിചാരകന്‍ ഞാനിരുന്ന സീറ്റിന്‍റെ ചാര് മുകളിലെ ചങ്ങലയില്‍ കൊരുതി അതിനെ കിടക്ക ആക്കി മാറ്റുന്ന കാഴ്ചയാണ് കണ്ടത്. അപ്പോഴും എതിര്‍ സീറ്റില്‍ അലസ്സമായി അനന്തതയിലേക്ക് നോക്കി അദ്ദേഹം ഇരിപ്പാണ്. ബാഗില്‍ നിന്നും പുറത്തെടുത്ത വിലകൂടിയ ബ്ലാന്‍കെറ്റു വിരിച്ചു ബാഗില്‍നിന്നും പുറത്തെടുത്ത നാലായി മടക്കിയ വായു തലയിണ ഊതി വീര്‍പ്പിക്കാന്‍ തുടങ്ങി പരിചാരകന്‍. പൂര്‍ണ്ണമായി വീര്‍ത്ത തലയിണ കിടക്കയില്‍ വെച്ചതും അനന്തതയില്‍ നിന്നും നോട്ടം പിന്‍വലിച്ചു അദ്ദേഹം എഴുന്നേറ്റു കിടക്കാനായി പതിയെ ബെര്‍ത്തിലേക്ക് കയറി. ആദ്യം കാല്‍ നീട്ടി ഇരുന്നു കൂപ്പിയ കൈയ്കള്‍ മുഖത്തോട് ചേര്‍ത്തു വെച്ചു പ്രാര്‍ഥിച്ചു , പുറം തിരിഞ്ഞു തലയിണയുടെ സ്ഥാനം ശരിയാക്കിയ ശേഷം വലതു കൈപ്പത്തി തലയിണക്ക് മുകളില്‍ തലക്ക് താഴെ വരത്തക്ക വിധം വെച്ചു മലര്‍ന്നു കിടന്നു. എന്നിട്ടും അവരിരുവരും ഒരു വാക്കുപോലും സംസാരിച്ചില്ല. അപ്പോഴേക്കും മുമ്പ്‌ ഇരുന്ന സീറ്റ് കിടക്കയായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞതിനാല്‍ എതിര്‍ സീറ്റില്‍ ഇരുന്നു ഞാന്‍ അത്താഴം കഴിക്കാന്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു ....

 സാമാന്ന്യം നല്ല തണുപ്പുള്ള ഒരു ഡിസംബര്‍ പ്രഭാതമായതിനാല്‍ തന്നെ ഏതാണ്ട് എട്ടു മണിയോടടുത്താണ് ഞാന്‍ ഉറക്കം എഴുന്നേറ്റത്. 

എണീറ്റ ഉടന്‍ തന്നെ താഴെ സീറ്റിലെ ദല്‍ഹിയാത്രക്കാരെ തിരഞ്ഞെങ്ങിലും അവരും അവരുടെ ബാഗേജുകളും അവിടെ ഇല്ലായിരുന്നു. പുതുതായി വന്ന യാത്രക്കാരനോട് തിരക്കി അറിഞ്ഞത് രാത്രിയോടെ അസുഖം കൂടിയതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തെ പിന്നിട്ട ഏതോ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു എന്നതായിരുന്നു ...

1 comment:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete